കാസര്‍കോട്: പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്തു നിന്നു മരങ്ങള്‍ മുറിച്ചു കടത്തിയത് ഭരണ സമിതി അംഗങ്ങളായ ചിലരുടെ ഒത്താശയോടെയാണെന്നും കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പുത്തിഗെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. കട്ടത്തടുക്കയില്‍ നിന്നു ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം നാസറുദ്ദീന്‍ മലങ്കര ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഷെട്ടി ആധ്യക്ഷം വഹിച്ചു. മേഖലാ സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ് സംസാരിച്ചു.
പുത്തിഗെ പഞ്ചായത്ത് അധീനതയില്‍ എടനാട് വില്ലേജിലെ കൊര്‍ണ്ണക്കണ്ടം തോട്ടരുകില്‍ ഉണ്ടായിരുന്ന അരനൂറ്റാണ്ട് പ്രായമുള്ള മാവ് അടക്കമുള്ള മൂന്നു മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ച് കടത്തിയത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് മരം മോഷണത്തിനു കേസെടുത്തിട്ടുണ്ട്.






