ചെന്നൈ: നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ കില്ലര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയിലെ പെരമ്പൂരിലെ ബിന്നി മില്‍സില്‍ നടന്ന അപകടത്തില്‍ 26 കാരനായ ക്രൂ അംഗം മദന്‍ ആണ് മരിച്ചത്. ബോംബ് സ്‌ഫോടന സീക്വന്‍സിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണ സ്ഥലത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് വിവരം.
സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ ദിനകരന്‍, സൂര്യ, ശക്തിവേല്‍ എന്നീ ക്രൂ അംഗങ്ങളെ ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







