മ്യാന്മറിൽ വൻ സ്ഫോടനം; 55 മരണം.
വടക്കൻ മ്യാൻമറിലെ കൗങ്‌ടപ് ഗ്രാമത്തിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഫ്രാൻസിൽ പി.എസ്.ജി ആരാധകരുടെ വിജയാഘോഷം തെരുവുയുദ്ധമായി; 780 പേർ അറസ്റ്റിൽ.
ഫുട്ബോളിൽ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ഫ്രാൻസിലുടനീളം വൻ സംഘർഷം. പാരിസിൽ ആരാധകരും പൊലീസും തമ്മിലുണ്ടായ തെരുവുയുദ്ധത്തിൽ നിരവധി പൊലീസുകാർ ഉൾപ്പെടെ 219 പേർക്ക് പരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 780-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യു.എസ് – ഇറാൻ പശ്ചിമേഷ്യൻ സംഘർഷം
ഡ്രോൺ വെടിവെച്ചിട്ടു.തങ്ങളുടെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കയുടെ അതിനൂതന എം.ക്യു -1 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇതേത്തുടർന്ന് ഇറാന് നേരെ യു.എസ് വീണ്ടും ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 30 ദിവസത്തിനകം സാധാരണ നിലയിലാക്കാൻ സാധിക്കുമെന്ന് ഇറാൻ സൂചന നൽകി. ബ്രിട്ടനും ഫ്രാൻസും മേഖലയിൽ സുരക്ഷയ്ക്കായി കപ്പൽപ്പട ഒരുക്കുന്നുണ്ട്.
യു.എസിൽ ഗ്രീൻ കാർഡ് ചട്ടങ്ങളിൽ ഇളവ്
അമേരിക്കയിൽ സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് ആശ്വാസമായി താൽക്കാലിക ചട്ടങ്ങളിൽ യു.എസ് ഇളവ് പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ അനുസരിച്ച് ഭൂരിഭാഗം പേർക്കും വിസ കാലാവധി കഴിഞ്ഞാലും രാജ്യം വിടേണ്ടി വരില്ലെന്ന് യു.എസ് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.
എബോള ഭീതി: ജാഗ്രതാ നിർദ്ദേശവുമായി യു.എ.ഇ
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോളയുടെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം കടുത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ഇന്ത്യൻ സായുധ സേനകളുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു. തദ്ദേശീയ ആയുധവത്കരണവും തിയേറ്ററൈസേഷൻ പദ്ധതിയുമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കുട്ടിക്കടത്തിൽ പോക്‌സോ നിയമം ബാധകമെന്ന് സുപ്രീംകോടതി: മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായ ഒരു കുട്ടി സമ്മതം നൽകിയിട്ടുണ്ടെങ്കിൽ പോലും അതിനെ കുറ്റകൃത്യമായി തന്നെ പരിഗണക്കണമെന്നും അത്തരം കേസുകളിൽ പോക്സോ നിയമം ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കർണാടക മന്ത്രിസഭാ പുനഃസംഘടന: കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും ഡികെ ശിവകുമാറും മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദില്ലിയിലെത്തി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ മൂന്നിന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
തൃണമൂൽ എംപിക്ക് നേരെ ആക്രമണം: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്ക് നേരെ നടുറോഡിൽ ആക്രമണമുണ്ടായി. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
തമിഴ്‌നാട് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: തമിഴ്‌നാട്ടിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിക്കുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് ആദ്യ പാർലമെന്റ് അംഗത്വം ഇതിലൂടെ ഉറപ്പായതായാണ് സൂചനകൾ.
ദില്ലിയിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ ആറായി ഉയർന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു: ഉത്തർപ്രദേശിൽ കനത്ത മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് 6 തൊഴിലാളികൾ മരണപ്പെട്ടു.
പൂനെയിൽ വ്യാജമദ്യ ദുരന്തം: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 18 പേർ മരണപ്പെടുകയും നിരവധി പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.
ഉത്തർപ്രദേശിലെ കാൻപൂരിൽ ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ ഇരുപത്തഞ്ചോളം വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള കോൺക്രീറ്റ് സ്ലാബ് തകർന്ന് ഓടയിലേക്ക് വീണു.
ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി
മന്ത്രിമാരുടെ ജില്ലാ ചുമതലകളിൽ കെ.എം ഷാജിക്ക് കാസർകോടിന്റെയും, എ.പി അനിൽകുമാറിന് കോഴിക്കോടിന്റെയും ചുമതല നൽകി.
അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരനും കുട്ടനാട് എം.എൽ.എ റെജി ചെറിയാനും തമ്മിൽ തോട്ടപ്പള്ളി സന്ദർശനത്തെ ചൊല്ലിയുള്ള വാക്പോര് ശക്തമാകുന്നു. ‘ആരും രാജാവ് ചമയേണ്ടതില്ലെ’ന്ന് റെജി ചെറിയാൻ പ്രതികരിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.
ട്രോളിങ് നിരോധനം: ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വരും. ഇതോടെ തീരദേശ മേഖലകൾ വറുതിയിലാകാൻ സാധ്യതയുണ്ട്.
തലസ്ഥാനത്തെ രൂക്ഷമായ വെള്ളക്കെട്ടിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടുന്നു. ആമയിഴഞ്ചാൻ തോടിന് സ്ലാബിട്ടാൽ പ്രശ്നം തീരുമെന്ന് മേയർ അറിയിച്ചതിന് പിന്നാലെ സർക്കാർ ഉന്നതതല യോഗം വിളിച്ചു.
സിനിമ മേഖലയിലെ തർക്കം: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ നിയമപോരാട്ടത്തിലേക്ക്. നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും. സിനിമയെ തകർക്കുന്ന തരത്തിലുള്ള റിവ്യൂകൾ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.
യു.എസിലെ ജോർജിയയിൽ വിവാഹദിവസം മലയാളി വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മൂവാറ്റുപുഴ സ്വദേശിയായ വരൻ ഡേവ് ഫിജിയും പൈലറ്റും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ വധു ജെസ്നി സാം ആശുപത്രിയിലാണ്.
സ്കൂൾ തുറക്കലും മഴ മുന്നറിയിപ്പും: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.






