യു.എസിലേക്ക് പോയ എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ്; ഇന്ത്യയിലേക്ക് തിരിച്ചയച്ചു

ന്യൂഡല്‍ഹി: കഞ്ചാവ് കൈവശം വച്ചതിന് എയര്‍ ഇന്ത്യ പൈലറ്റിനെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര ചെയ്ത എയര്‍ ഇന്ത്യ പൈലറ്റിന്റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്. പൈലറ്റ് കഞ്ചാവ് കൈവശം വച്ചുവെങ്കിലും അത് അദ്ദേഹം ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ തിരിച്ചയച്ചത്.

സംഭവത്തിന് പിന്നാലെ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 14ന് ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു പൈലറ്റ്. രണ്ട് ദിവസത്തിന് ശേഷം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്ന വിമാനത്തില്‍ ഡ്യൂട്ടി ചെയ്യേണ്ടതായിരുന്നു.

‘നിയമങ്ങള്‍ ലംഘിക്കുന്ന നടപടികളോട് എയര്‍ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴില്‍പരമായ പെരുമാറ്റം എന്നിവയില്‍ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങള്‍ക്കനുസരിച്ച് കര്‍ശനമായ അച്ചടക്ക നടപടികള്‍ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും’ – എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

പൈലറ്റുമാര്‍ക്ക് കഞ്ചാവ് കഴിക്കാന്‍ അനുവാദമില്ല, അവര്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. ഭൂരിഭാഗം പൈലറ്റുമാരും തങ്ങളുടെ കരിയര്‍ അപകടത്തിലാകുമെന്ന ധാരണ ഉള്ളതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാറുണ്ട്. പൈലറ്റിന്റെ കൈവശം കഞ്ചാവ് അബദ്ധത്തില്‍ എത്തിപ്പെട്ടതാണോ എന്നും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page