നടന്‍ അര്‍ജുന്‍ ദാസിന്റെ കാറില്‍ നിന്ന് പൊലീസ് കോടികള്‍ പിടികൂടി; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് താരം

ചെന്നൈ: തമിഴ് നടന്‍ അര്‍ജുന്‍ ദാസിന്റെ കാറില്‍ നിന്ന് പൊലീസ് വലിയതോതില്‍ പണം പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ രംഗത്തെത്തി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ശക്തമാക്കുന്നതിനിടെയാണ് സംഭവം പുറത്തുവന്നത്. ചെന്നൈ മംഗളാപുരത്ത് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അര്‍ജുന്റെ കാറില്‍ നിന്ന് പണം പിടികൂടുന്നത്. പൊലീസ് പരിശോധന നടത്തുന്നതിനിടെ അര്‍ജുന്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ട്. ഇതോടെ ആരാധകരെല്ലാം ആദ്യം ഒന്ന് പരിഭ്രമിച്ചു.

കാറിന്റെ ഡിക്കിയില്‍ ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെടുത്തത്. ഇതു കണ്ട് അര്‍ജുന്‍ ദാസിനൊപ്പം കാറിലുണ്ടായിരുന്ന സംഗീത സംവിധായകന്‍ ഷോന്‍ റോള്‍ഡന്‍ ആശ്ചര്യപ്പെടുന്നതും പൊലീസുകാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ പൊലീസുകാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ‘ഇത് തിരഞ്ഞെടുപ്പ് സമയമാണ്, നിങ്ങള്‍ ആരായാലും കുഴപ്പമില്ല, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ’ എന്ന നിലപാടിലായിരുന്നു.

അതിനിടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി അര്‍ജുന്‍ ദാസ് രംഗത്തെത്തിയത്. താന്‍ പൊലീസ് പിടിയിലായിട്ടില്ലെന്നും ഇതൊരു ബോധവല്‍ക്കരണ വിഡിയോ മാത്രമാണെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രമായ ‘കോണ്‍ സിറ്റി’യുടെ പ്രമോ ഷൂട്ടിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും അര്‍ജുന്‍ ദാസ് പറഞ്ഞു.

ഇത് യഥാര്‍ത്ഥ പണമല്ലെന്നും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച ഡമ്മി നോട്ടുകളാണെന്നും പറഞ്ഞ അര്‍ജുന്‍ ദാസ് തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ സഹകരിക്കാനും നിര്‍ദേശിച്ചു. 50,000 രൂപയില്‍ കൂടുതല്‍ പണം കയ്യില്‍ കരുതരുതെന്നും ഇത് നിയമപ്രശ്‌നങ്ങള്‍ക്കും സമയനഷ്ടത്തിനും ഇടയാക്കുമെന്നും താരം മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 23-ന് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു. ഇതൊരു പ്രമോ വിഡിയോ ഷൂട്ട് ആണ്. എന്റെ സംവിധായകന്‍ ഹരീഷ് ഇതൊരു ബോധവത്കരണ വിഡിയോ ആയി ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതോടെ നല്ല കാര്യമാണെന്ന് തോന്നിയതിനാലാണ് വീഡിയോ എടുത്തതെന്നും താരം പറഞ്ഞു.

ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്യുന്ന ‘കോണ്‍ സിറ്റി’ എന്ന ചിത്രത്തില്‍ അര്‍ജുന്‍ ദാസിനൊപ്പം മലയാളി താരം അന്നാ ബെന്നും അഭിനയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page