കാമുകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തി അയല്‍വാസിയായ 26കാരി; അറസ്റ്റ്

ന്യൂഡല്‍ഹി: കാമുകനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ അയല്‍വാസിയായ 26 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. ഡല്‍ഹിയിലെ ഇന്ദിരാ വിഹാറിലാണ് സംഭവം. തന്റെ കാമുകനുമായി വിവാഹമുറപ്പിച്ചതിലുള്ള വൈരാഗ്യമാണ് 26 കാരിയെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 19നാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ആക്രമണത്തില്‍ മുഖത്ത് സാരമായി പരുക്കേറ്റ 21കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിയായ യുവതിയും ആക്രമണത്തിനിരയായ പെണ്‍കുട്ടിയും വര്‍ഷങ്ങളായി പരിചയക്കാരാണെന്നും ഇരുവരും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇരയുടെ സഹോദരി പറഞ്ഞു. ആക്രമണം നടന്ന ദിവസവും രാവിലെ വീട്ടിലെത്തിയ യുവതി ചേച്ചിക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നുവെന്നും സഹോദരി പറഞ്ഞു.

പിന്നീട് ഉച്ചയോടെ യുവതി വീണ്ടും വീട്ടിലെത്തുകയും ഒരു കല്യാണത്തിനു പോകാനുണ്ടെന്നും കൈയില്‍ മൈലാഞ്ചി ഇട്ടുതരണമെന്നും പറഞ്ഞ് ചേച്ചിയെ കൊണ്ട് മൈലാഞ്ചി ഇടീപ്പിക്കുകയായിരുന്നു. ഇതിനിടെ ബാഗില്‍ നിന്ന് നാരങ്ങാവെള്ളമാണെന്നു പറഞ്ഞ് ഒരു കവറെടുക്കുകയും ‘ഇത് കുടിക്കൂ’ എന്നു പറഞ്ഞ് കവറിലുണ്ടായിരുന്ന ദ്രാവകം ചേച്ചിയുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നുവെന്ന് ഇരയുടെ സഹോദരി പറഞ്ഞു.

ദ്രാവകം വീണയുടന്‍ ചേച്ചിയുടെ മുഖം പൊള്ളുകയും വസ്ത്രങ്ങള്‍ ഉരുകുകയും ചെയ്തു. ഇതോടെ ബഹളം കേട്ട് ഓടിവന്ന ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് പ്രതിയായ 26 കാരിയെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി വിവാഹം ചെയ്യാന്‍ പോകുന്നയാളും താനും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന കാര്യം യുവതി പറയുന്നത്. ഈ വിവാഹം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രണ്ടു പെണ്‍കുട്ടികളും വര്‍ഷങ്ങളായി പരിചയമുണ്ടെങ്കിലും യുവാവിനോട് പ്രണയത്തിലാണെന്ന വിവരം പറഞ്ഞിരുന്നില്ല. കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറുമായിരുന്നുവെന്നും ഇത്തരത്തില്‍ ഒരു ആക്രമണത്തിന് മുതിരേണ്ടിയിരുന്നില്ലെന്നും ഇരയുടെ ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ ഇതുവരെ പെണ്‍കുട്ടിയുടെ പ്രതിശ്രുതവരനെ ചോദ്യം ചെയ്തിട്ടില്ലെന്നും കാമുകിയുമായി ഇയാള്‍ പതിവായി സംസാരിക്കാറുണ്ടായിരുന്നു എന്ന് ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയായ 26കാരി പത്തുവര്‍ഷത്തോളമായി വിഷാദത്തിന് ചികിത്സയിലാണെന്നാണ് കുടുംബം പറയുന്നത്.

നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായ പെണ്‍കുട്ടി. നോയിഡയില്‍ ഒരു സ്‌പെഷ്യല്‍ എഡ്യൂക്കേറ്ററായി ജോലി ചെയ്യുകയാണ് പ്രതിശ്രുത വരന്‍. വിവാഹം അടുക്കുന്ന അവസരത്തില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ നടുക്കത്തിലാണ് കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page