സ്വകാര്യ ഭാഗങ്ങളില്‍ തല്ലി, വസ്ത്രങ്ങള്‍ കീറി തെരുവിലേക്ക് വലിച്ചിഴച്ചു; തനിക്ക് നേരെയുള്ള പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി; അമ്മായി അച്ഛന്‍ അറസ്റ്റില്‍

ലക്‌നൗ: ഭര്‍തൃ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ യുവതി പുറത്തുവിട്ടു. പിന്നാലെ കുറ്റക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുത്തു. ഉത്തര്‍പ്രദേശിലെ ചകേരിയിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ മീനാക്ഷി പാണ്ഡെയാണ് തനിക്ക് നേരെയുണ്ടായ ഗാര്‍ഹിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സഹായം അഭ്യര്‍ത്ഥിച്ചുള്ള യുവതിയുടെ പോസ്റ്റിന് പിന്നാലെയാണ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തത്. വീഡിയോയില്‍ ഭര്‍തൃ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തല്ലിയെന്നും കീറിയ വസ്ത്രത്തോടെ തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

മധ്യവയസ് പിന്നിട്ട ഒരാള്‍ ഒരു യുവതിയെ ബലമായി പിടിച്ച് വലിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതി വീടിന്റെ കോമ്പൗണ്ടിനുള്ളിലാണ്. ഇരുവര്‍ക്കും ഇടയില്‍ ഒരു സ്‌കൂട്ടി മറിഞ്ഞ് കിടക്കുന്നത് കാണാം. ഇതിനിടയിലൂടെ മധ്യ വയസ്‌ക്കന്‍ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പിടിവലിക്കിടെ കീറിയിരുന്നു.

മറ്റൊരു സ്ത്രീ മധ്യവയസ്‌ക്കനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ യുവതിയുടെ കൈയില്‍ പിടിച്ച് വലിച്ച ഇയാള്‍ അവരെ ഗേറ്റിന് വെളിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതിനിടെ മറ്റേ സ്ത്രീ ഇടപെട്ട് അയാളെ ഗേറ്റിന് വെളിയിലാക്കുന്നു. ഇതോടെ അക്രമണത്തിനിരയായ യുവതി എഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് ഓടുന്നതും കാണാം. പിന്നാലെ ഭര്‍തൃപിതാവും ഓടുന്നു. അയല്‍വാസികളാണ് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. യുവതി ചിത്രീകരിച്ച രണ്ടാമത്തെ വീഡിയോയില്‍ ഭര്‍തൃപിതാവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചു. കൈകളിലേറ്റ പരിക്കുകള്‍ കാണിക്കുകയും ചെയ്തു.

ആനന്ദ് നഗറില്‍ താമസിക്കുന്ന സുശീല്‍ ദുബെയാണ് യുവതിയെ അക്രമിച്ചത്. വീഡിയോയില്‍ കാണുന്ന സ്ത്രീ സൂശീലിന്റെ മകന്‍ ഹിമാന്‍ഷു ദുബെയുടെ ഭാര്യയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ വീട്ടില്‍ കുടുംബ തര്‍ക്കങ്ങള്‍ പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. സുശീല്‍ മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി മീനാക്ഷിയെ ഒഴിവാക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് യുവതിക്ക് നേരെയുള്ള ക്രൂരമായ ഗാര്‍ഹിക പീഡനം. തന്നെ ഭാര്യാപിതാവ് വീട്ടിനുള്ളില്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. 2020 ല്‍ ആണ് മീനാക്ഷിയുടേയും ഹിമാന്‍ഷുവിന്റേയും വിവാഹം.

സംഭവത്തില്‍ പ്രതി സുശീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, ശാരീരിക ആക്രമണം, സ്ത്രീകള്‍ക്കെതിരായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page