ആരാധകരുടെ കാത്തിരിപ്പിന് വിരാമം; 15കാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക്

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തുന്ന വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിച്ച് ബി.സി.സി.ഐ. വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് കാലാകാലങ്ങളായുള്ള ആരാധകരുടെ ആവശ്യമാണ്. അതാണ് ഇപ്പോള്‍ ബി.സി.സി. ഐ അംഗീകരിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ സെലക്ഷന്‍ കമ്മിറ്റി വൈഭവിനെ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അയര്‍ലന്‍ഡ് പര്യടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കാനാണ് ബിസിസിഐയുടെ നീക്കം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബുംറ, ജോഷ് ഹേസല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങി ലോകോത്തര മികവാര്‍ന്ന ബൗളര്‍മാരെ കെട്ടുകെട്ടിക്കുന്ന വൈഭവിന്റെ ബാറ്റിംഗ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇന്ത്യ വിജയിച്ച അണ്ടര്‍-19 ലോകകപ്പില്‍ ടീമംഗമായിരുന്നു വൈഭവ്.

ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചാല്‍, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന് സ്വന്തം. നിലവില്‍ ഷഫാലി വര്‍മ്മയുടെ (15 വയസ്, 7 മാസം, 27 ദിവസം) പേരിലുള്ള റെക്കോര്‍ഡാണ് വൈഭവിന് സ്വന്തമാകുക. പതിനാറാം വയസില്‍ പുരുഷ ക്രിക്കറ്റില്‍ അരങ്ങേറിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡും വൈഭവ് തകര്‍ക്കും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 200 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തില്‍ ലോകോത്തര പേസര്‍ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി വൈഭവ് ഞെട്ടിച്ചു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്, ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് വരവറിയിച്ചു. 35 പന്തില്‍ സെഞ്ച്വറി തികച്ച് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും 15കാരന്‍ സ്വന്തമാക്കി. ബയാന്‍ ലാറയെയും യുവരാജ് സിംഗിനെയും ആരാധിക്കുന്ന ഈ ഇടംകൈയ്യന്‍ ബാറ്ററുടെ പ്രകടനത്തെ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധൂമലും പ്രശംസിച്ചിരുന്നു. ജൂണില്‍ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാകും അയക്കുക എന്നാണ് സൂചന. അവിടെ വൈഭവ് ഇന്ത്യന്‍ ജേഴ്സിയില്‍ എത്തുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page