ലക്‌നൗ: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 90 ലക്ഷം രൂപ നല്‍കണമെന്ന് ആദ്യരാത്രിയില്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ട വധുവിനും കുടുംബത്തിനുമെതിരെ പരാതിയുമായി വരനും ബന്ധുക്കളും രംഗത്ത്. ലക്‌നൗവിലെ ജഗദീഷ്പുര പ്രദേശത്താണ് സംഭവം. ഹത്രാസ് സ്വദേശിയാണ് വധു.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയശേഷം വധുവുമായി നല്ല കുടുംബജീവിതം നയിക്കാമെന്ന് സ്വപ്‌നം കണ്ട വരന് പക്ഷേ ആദ്യരാത്രിയില്‍ തന്നെ തിരിച്ചടി ഉണ്ടായി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 90 ലക്ഷം രൂപ നല്‍കണമെന്നാണ് ആദ്യരാത്രിയില്‍ വധു ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. തമാശയാണെന്ന് കരുതി തള്ളിയ ഭര്‍ത്താവിന് അധികം വൈകാതെ തന്നെ ഭാര്യയുടെ യഥാര്‍ത്ഥമുഖം അറിയാന്‍ കഴിഞ്ഞു. സാമ്പത്തിക ലാഭത്തിനു വേണ്ടി വധുവും കുടുംബവും തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഭര്‍ത്താവും കുടുംബവും പൊലീസിന്റെ സഹായം തേടിയത്.
തുടക്കത്തില്‍ വധുവിനെ കാര്യങ്ങള്‍ മനസ്സിലാക്കി ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വധു കൂട്ടാക്കിയില്ല. വധു തന്റെ ബന്ധുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വരന്‍ പണം നല്‍കുന്നില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയുമായിരുന്നു. തനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും വധു ഭര്‍തൃവീട്ടുകാരോട് പറഞ്ഞു.
പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ വീട്ടില്‍ ആക്രമണം അഴിച്ചുവിടുകയും പിഎന്‍ജി ഗ്യാസ് പൈപ്പ് ലൈന്‍ തകര്‍ത്ത് വീടിനു തീയിടാന്‍ ശ്രമിക്കുകയും, വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോര്‍ത്തി സ്‌ഫോടനമുണ്ടാക്കാന്‍ ശ്രമിച്ചതായും വരന്റെ കുടുംബം ആരോപിക്കുന്നു. പിന്നീട് അയല്‍ക്കാരുടെ സഹായത്തോടെയാണ് ഭര്‍ത്താവും കുടുംബവും രക്ഷപ്പെട്ടത്.
പിന്നീട് തന്റെ സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചു മാറ്റി വധു കടന്നുകളഞ്ഞു. ഒരു ഡോക്ടറുടെ സഹോദരനാണ് വരന്‍. ഇഷ്ടം പോലെ പണവും സൗഭാഗ്യങ്ങളുമുണ്ട്. അത് മുന്നില്‍ കണ്ടാണ് വധുവും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയത്. മകള്‍ക്ക് ഒരു കുടുംബം ഉണ്ടാകുകയായിരുന്നില്ല വധുവിന്റെ ബന്ധുക്കളുടെ ലക്ഷ്യം. മറിച്ച് സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയാണ് വിവാഹം എന്ന നാടകം നടത്തിയത്. വിവാഹ ദിവസം തന്നെ വരന്റെ കുടുംബവുമായി വിലപേശി സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
വധുവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി ആദ്യം ലോക്കല്‍ പൊലീസിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വരന്റെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് അവര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് വധുവിനും പിതാവിനും മറ്റ് കൂട്ടാളികള്‍ക്കുമെതിരെ ജഗദീഷ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയേയും പൊലീസ് തിരയുന്നുണ്ട്.







