കാമുകി പ്രണയബന്ധത്തില്‍ നിന്നു പിന്മാറി ക്രൂരമായി പെരുമാറിയ വിഷമം; 22 കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കും മാതാവിനും എതിരെ കേസെടുത്തു

മംഗ്‌ളൂരു: കുടുംബം ഈദ് ആഘോഷത്തിനായി കാസര്‍കോട്ടേക്കു പോയ സമയത്ത് 22 കാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച സംഭവത്തില്‍ കാമുകിക്കും കാമുകിയുടെ മാതാവിനും എതിരെ പൊലീസ് കേസെടുത്തു. ഉള്ളാള്‍ സ്വദേശിനിയായ കാമുകി , കാമുകിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കാവൂര്‍ പൊലീസ് കേസെടുത്തത്. മംഗ്‌ളൂരു, മൂഡുഷെഡ്ഡിലെ മുഹമ്മദ് ആഷിഖ് (22) ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്.
മാര്‍ച്ച് മാസം 21ന് ആണ് ആഷിഖ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് പിതാവും മറ്റു കുടുംബാംഗങ്ങളും കാസര്‍കോട്ടേക്ക് ഈദ് ആഘോഷിക്കാന്‍ പോയിരുന്നു. ഈ സമയത്ത് സുഹൃത്ത് നിരന്തരം വിളിച്ചിട്ടും ആഷിഖ് ഫോണ്‍ എടുത്തിരുന്നില്ല. സുഹൃത്ത് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തിയപ്പോഴാണ് ആഷിഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സാധാരണ നിലയിലുള്ള ആത്മഹത്യയെന്ന നിലയിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ട ആഷിഖിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയും ആഷിഖും ബിരുദ പഠനകാലത്ത് പ്രണയത്തിലായിരുന്നുവത്രെ. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നു പിന്നീട് കാമുകി പിന്‍മാറുകയും ചെയ്തു. അതിനു ശേഷം യുവതി പലപ്പോഴും ആഷിഖിനോട് ഫോണില്‍ അശ്ലീല ഭാഷയില്‍ സംസാരിച്ചതായും പറയുന്നു. ഇതിന്റെ റിക്കോര്‍ഡുകള്‍ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിതാവ് മുഹമ്മദ് ഹനീഫ് കാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഫോണില്‍ നിന്നു കണ്ടെത്തിയ ഒരു ചാറ്റില്‍ ഉള്ളത് ഇങ്ങിനെ- “നീ എന്ന ചതിക്കുകയാണോ?” മറുപടിയായി കാമുകി പറയുന്നു. “എവിടെയെങ്കിലും പോയി മരിക്കൂ. ഞാനും എന്റെ സുഹൃത്തുക്കളും മൃതദേഹം കാണാന്‍ വരാം”.ഇതിലുള്ള മാനസിക വിഷമമാണ് മകന്‍ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയതെന്നു മുഹമ്മദ് ഹനീഫ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page