ന്യൂഡല്‍ഹി: അയല്‍വാസിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയിലെ രവിദാസ് മന്ദിര്‍ വാലി ഗാലിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിക്ക് കുത്തേറ്റ വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അപ്പോഴേക്കും പെണ്‍കുട്ടിയെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഒന്നിലധികം കുത്തേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ഡെലിവറി ബോയ് ആയ ജിതിന്‍(24) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിനുശേഷം പ്രതി രക്ഷപ്പെട്ടു.
അതിനിടെയാണ് അതേ പ്രദേശത്ത് നിന്ന് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി ജിതിന്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇതുവരെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







