തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഞ്ചുദിവസം മാത്രം ബാക്കിനില്‍ക്കെ
വോട്ടര്‍മാരെ വശത്താക്കാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നതാണ് യുഡിഎഫ് മുദ്രാവാക്യം.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്നും ശബരിമല കൊള്ളക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും യുഡിഎഫ് പ്രകടന പത്രിക മുന്നറിയിക്കുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുമെന്നും ഉറപ്പുനല്‍കുന്നു. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, എല്ലാ തീരദേശവാസികള്‍ക്കും പട്ടയം എന്നിവയും യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ഇതിന് പുറമെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശ രഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നു. പ്രകടനപത്രിക വാഗ്ദാനം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു.
സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കും, അതിവേഗ റെയില്‍ കോറിഡോര്‍, റബര്‍ താങ്ങുവില 300 രൂപ, നെല്ലിന്റെ സംഭരണ വില 35 രൂപ, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപ, ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസില്‍ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക പരിപാടി. ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കാന്‍ നടപടി, സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കല്‍ എന്നിവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
എല്‍ഡിഎഫിന്റെ മുഖ്യ ലക്ഷ്യം തുടര്‍ഭരണം; ശബരിമല ആചാരം സംരക്ഷിക്കാന്‍ പ്രത്യേക നിയമം; 60 പരിപാടികള്‍; 950 വാഗ്ദാനം
തുടര്‍ഭരണമാണ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം. രണ്ട് പുസ്തകങ്ങളായുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. പ്രകടന പത്രികയില്‍ 60 ഇന പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം.
ശബരിമലയില്‍ ആചാരം സംരക്ഷിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രിക തറപ്പിച്ച് പറയുന്നു. കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, തൊഴിലുറപ്പ് സംരക്ഷണം, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റല്‍, 60,000 വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് പ്ലെയ്സ്മെന്റ്, കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ സര്‍ക്കാര്‍ പരിരക്ഷ, വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റി എന്നിവയാണ് എല്‍ഡിഎഫിന്റെ മറ്റ് വാഗ്ദാനങ്ങള്‍. ഇതിന് പുറമെ സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി, എല്ലാ ജില്ലകളിലും വാട്ടര്‍ മെട്രോ, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള- പെന്‍ഷന്‍ പരിഷ്‌ക്കരണം, അതിവേഗ പാതയ്ക്ക് ശ്രമം, വ്യവസായ മേഖലയില്‍ രണ്ടുലക്ഷം കോടി നിക്ഷേപം, സ്ത്രീകള്‍ക്കു 50 ശതമാനം ജോലി വാഗ്ദാനം, 60000 കുട്ടികള്‍ക്ക് ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ, തിരുവനന്തപുരം, കോഴിക്കോട് മെട്രോ, റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കല്‍, എയിംസിനേക്കാള്‍ മികച്ച മെഡിക്കല്‍ ഗവേഷണ ആശുപത്രി, ആട് ഗ്രാമം, പോത്ത് ഗ്രാമം, മുയല്‍ ഗ്രാമം പദ്ധതികള്‍ എന്നിവ നടപ്പാക്കുമെന്നു എല്‍ഡിഎഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 60 ഇന പരിപാടികള്‍ക്കൊപ്പം 950 വാഗ്ദാനങ്ങളുടെ വിശദമായ പ്രകടന പത്രികയും എല്‍ഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്.







