കാസര്‍കോട്: കുറ്റിക്കോല്‍, ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പള്ളഞ്ചി, പുതികണ്ടത്തെ പി. ലത(46)യാണ് ആക്രമണത്തിനു ഇരയായത്. ലത ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ പള്ളഞ്ചി, വട്ടക്കുണ്ടിലാണ് സംഭവം. കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയാണ് ലത. രാവിലെ ജോലിക്കു പോകാനായി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാട്ടില്‍ നിന്നും ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് താഴെ വീണ ലത എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുത്തുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് സമീപത്തെ വീട്ടില്‍ നിന്നു ആള്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ പന്നി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി.







