കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. ശ്വാസതടസത്തെ തുടർന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കണക്കിലെടുത്താണ് യാത്ര റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രി മുതൽ ആശുപത്രിയിൽ കഴിയുന്ന സോണിയാ ഗാന്ധിക്ക് ശ്വാസ തടസത്തിനൊപ്പം ആമാശയത്തിൽ അണുബാധയും ഉള്ളതായാണ് മെഡിക്കൽ റിപ്പോർട്ട് . എന്നാൽ ആരോഗ്യ നില തൃപ്തികരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചരണ പരിപാടികള്‍ക്ക് ബുധനാഴ്ച വൈകിട്ട് തുടക്കമാകും. വൈകുന്നേരം 4 .30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ സര്‍ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രാഹുല്‍ ഗാന്ധി എത്തില്ല. സോണിയക്കൊപ്പം മകന്‍ രാഹുല്‍ ആണുള്ളത്.പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കും.







