തിരുവനന്തപുരം: പിതാവിനെ സ്ഥിരമായി മദ്യപിക്കാന്‍ ക്ഷണിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ മകന്‍ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. മണ്ണന്തല അരുവിയോട്ടെ കണ്ണനെ (38) ആണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളൂര്‍ സ്വദേശിയായ ബിനുവിനേയും ബന്ധുവിനേയുമാണ് ഇയാള്‍ ആക്രമിച്ചത്.
നാലാഞ്ചിറയിലുള്ള വസ്തുവില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി. ബിനുവും ഭാര്യയും സുഹൃത്തുക്കളും അവരുടെ സ്വകാര്യ വസ്തുവില്‍ ഇരിക്കുമ്പോള്‍ അവിടേക്ക് അതിക്രമിച്ചു കയറിയ കണ്ണന്‍ അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ബിനുവും കൂട്ടുകാരും കണ്ണന്റെ പിതാവിനെ സ്ഥിരമായി മദ്യപിക്കാന്‍ ക്ഷണിക്കാറുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നിരവധി തവണ കണ്ണന്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മദ്യപാനം തുടരുകയായിരുന്നു. കഴിഞ്ഞദിവസവും ബിനുവും കൂട്ടുകാരും മദ്യപാനത്തിന് പിതാവിനെ വിളിക്കുന്നത് കണ്ട കണ്ണന്‍ ഇത് ചോദ്യം ചെയ്യുകയും പിന്നാലെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം കണ്ണന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി തള്ളി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൊലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്.







