കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ മുസ്ലീം ലീഗ് നേതൃത്വം അടച്ച് തീര്‍ത്തു. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കില്‍ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നാലെയാണ് പണം അടച്ചത്. കഴിഞ്ഞദിവസമാണ് എം.കെ മുനീറിന്റെ വീട് ഈ മാസം അവസാനം ജപ്തി ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.
പിന്നാലെ നിരവധി പേര്‍ സഹായവുമായി തന്നെ സമീപിച്ചിരുന്നുവെന്ന് മുനീര്‍ പറഞ്ഞിരുന്നു. വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയോട് സഹായം ചോദിക്കാറില്ലെന്നും എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെ ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും അദ്ദേഹത്തെ കണ്ട് സംസാരിച്ച് വായ്പ അടയ്ക്കാമെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു.
വീടിന്റെ അറ്റകുറ്റപ്പണിക്കായി എടുത്ത 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി.എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 48 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. പക്ഷേ ഇതും അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഈ മാസം മാര്‍ച്ച് 31ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
മുന്‍ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീര്‍ പുതുക്കി പണിയുകയായിരുന്നു. സി.എച്ചിന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള ക്രെസന്റ് ഹൗസ് ലീഗിന്റെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായ ഇടം കൂടിയാണ്. മുനീറിന്റെ പിതാവ് സി.എച്ച് മരിക്കുമ്പോഴും കടബാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടാണ് കടങ്ങള്‍ തീര്‍ത്തത്.







