കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. എന്നാല്‍ ആളപായമില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാവിലെ യാണ് ആക്രമണം ഉണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി വ്യക്തമാക്കി.
കുവൈറ്റ് സൈന്യം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റഡ്രോൺ ആക്രമണം ഉണ്ടായത്. വ്യോമ പ്രതിരോധ വകുപ്പ് ശത്രുക്കളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമായാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും സൈന്യം സ്ഥിരീകരിച്ചു.
അതിനിടെ ഇറാന്റെ ആക്രമണത്തില്‍ ബഹ്റൈനിലെ ഒരു കമ്പനിക്ക് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തീ അണച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കിഴക്കന്‍ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലേക്ക് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇസ്രയേലില്‍ പലയിടത്തും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
യുഎസുമായുള്ള ചര്‍ച്ച ഇറാന്‍ സര്‍ക്കാര്‍ തള്ളിയെങ്കിലും നയതന്ത്ര തലത്തില്‍ കാര്യമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുഎസുമായി ചര്‍ച്ച നടന്നെന്ന പ്രചാരണം എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കാനുള്ള വ്യാജവാര്‍ത്തയാണെന്നാണ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് പ്രതികരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്റെ പ്രതിനിധി ഖാലിബാഫാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.







