ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പറഞ്ഞ് 1200 രൂപയുടെ ചില്ലറ നല്‍കി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ പറ്റിച്ച് 5300 രൂപയുമായി സ്ഥലവിട്ട യുവാവിനെ പൊലീസ് തെരയുന്നു

തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പറഞ്ഞ് 1200 രൂപയുടെ ചില്ലറ നല്‍കി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ പറ്റിച്ച് 5300 രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ പൊലീസ് തെരയുന്നു.
പാറശാലയിലെ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരാണ് തട്ടിപ്പിനിരയായത്. 5300 രൂപയുടെ ചില്ലറയുണ്ടെന്നും നോട്ട് വേണമെന്നും പറഞ്ഞാണ് തിരക്കുള്ള സമയത്ത് ഇയാള്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയത്. തുടര്‍ന്ന് 1200 രൂപയുടെ ചില്ലറ ഒരു സഞ്ചിയില്‍ പൊതിഞ്ഞ് ജീവനക്കാര്‍ക്ക് നല്‍കി.

താന്‍ ഇവിടെ നിന്ന് പതിവായി മരുന്ന് വാങ്ങുന്ന ആളാണെന്നും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും കാണിക്ക പൈസയാണന്നും പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെ പരിചയപ്പെട്ടത്. തിരക്കുള്ള സമയമായതിനാല്‍ മാനേജരെ വിളിച്ച് സംസാരിച്ചശേഷം പണം നല്‍കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് മാനേജരോട് ഫോണില്‍ സംസാരിച്ച ഇയാള്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം തനിക്ക് തിരക്കുണ്ടെന്നും പണം എണ്ണിനോക്കാന്‍ സമയമില്ലെന്നും പറഞ്ഞു ഇയാള്‍ 5300 രൂപ വാങ്ങി സ്ഥലം വിട്ടു. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് വ്യാജ നമ്പറും നല്‍കി.

സമീപത്തെ സി.സി.ടി.വിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഷോപ്പില്‍ മാസ്‌ക് ധരിച്ചെത്തിയ ഇയാള്‍ പുറത്തിറങ്ങി മാസ്‌ക് മാറ്റി പോകുന്ന ദ്യശ്യങ്ങളാണ് ലഭിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ജീവനക്കാര്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. ഒരുപാട് തട്ടിപ്പുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ളൊരു തട്ടിപ്പ് ആദ്യമായിട്ടാണെന്ന് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ പറയുന്നു. പറ്റിച്ച ആളെ കുറിച്ച് പൊലീസിനും വിവരം ലഭിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page