ഭോപ്പാല്‍: 16കാരനെ കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ സാമന്ന ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.
സമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല്‍(46) ആണ് അറസ്റ്റിലായത്. അര്‍ത്ഥഖേഡ ഗ്രാമത്തിലെ താമസക്കാരനായ ഭരത് വിശ്വകര്‍മയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഇയാള്‍ ശ്രമിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഗുഡ്ഡ പട്ടേല്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സാമന്ന ഗ്രാമത്തിലെ സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഭരത് വിശ്വകര്‍മ. ഭരത് ബൈക്കില്‍ മടങ്ങുമ്പോള്‍ ഗുഡ്ഡ പട്ടേല്‍ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് ഇരുമ്പ് ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭരത് മരിച്ചതായി പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് സ്ഥലത്തെത്തിയ ഗ്രാമവാസികള്‍ കാണുന്നത് പട്ടേല്‍ കുട്ടിയുടെ തലയില്‍ നിന്ന് മാംസം തിന്നുകയും കൈകളില്‍ നിന്ന് രക്തം കുടിക്കുകയും ചെയ്യുന്നതാണെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമവാസികള്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ചുറ്റിക കൊണ്ട് അവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ഗ്രാമത്തിനടുത്തുള്ള കൃഷിയിടത്തില്‍ ഒളിച്ചിരുന്നു. ഗ്രാമവാസികള്‍ അയാളെ പിന്തുടര്‍ന്ന് കല്ലെറിയാന്‍ തുടങ്ങി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വയല്‍ വളഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനുശേഷം, പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഭാര്യയേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സമാനമായ കൊലപാതകമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് മാനസികമായ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി ഉടന്‍ തന്നെ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.







