വിവാഹം കഴിഞ്ഞ് കുഞ്ഞുമുണ്ടായി നാല് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ യുവതിയുടെ പോക്‌സോ കേസ്

ഇടുക്കി: വിവാഹം കഴിഞ്ഞ് കുഞ്ഞുമുണ്ടായി നാല് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ ബലാത്സംഗ പരാതി നല്‍കി യുവതി. വിവാഹ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആനവിലാസം കണ്ണിയക്കല്‍ സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യയും രണ്ടുവയസ്സുള്ള കുഞ്ഞിന്റെ മാതാവുമായ യുവതി പരാതി നല്‍കിയത്.പരാതിയുമായി പൊലീസിനെ സമീപിക്കുമ്പോള്‍ യുവതിക്ക് 22 വയസ്സായിരുന്നു പ്രായം. ശാരീരിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് അവര്‍ സമ്മതിച്ചെങ്കിലും, ആ സമയത്ത് താന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് യുവതി പറയുന്നു.

എന്നാല്‍ യുവതിയുടെ വാദം തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്കൊപ്പം പോകുന്നതിന് രണ്ട് ദിവസം മുമ്പ് പരാതിക്കാരിക്ക് 18 വയസ്സ് പൂര്‍ത്തിയായതായി കാണിക്കുന്ന ജനന രേഖകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഉത്തമപാളയം മുന്‍സിപ്പാലിറ്റിയിലാണ് ജനനം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡെപ്യൂട്ടി തഹസില്‍ദാരെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. പോക്‌സോ കേസ് ഫയല്‍ ചെയ്യുന്നതിന് ആറ് മാസം മുമ്പ്, പരാതിക്കാരിയും അമ്മാവനും അമ്മായിയും ചേര്‍ന്ന് യുവാവാവിനെ ആക്രമിച്ച് നഗ്‌നനാക്കിയതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അക്രമത്തില്‍ യുവാവിന്റെ അസ്ഥി ഒടിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട കേസ് ഉപ്പുതറ പൊലീസ് രജിസ്റ്റര്‍ ചെയ്തതായും ഈ കേസ് കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

യുവാവ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പൊലീസ് സൂക്ഷ്മവും ശരിയായതുമായ അന്വേഷണം നടത്തിയില്ലെന്ന് നിരീക്ഷിച്ച കോടതി യുവാവിന് അനുകൂലമായ വിധി പുറപ്പെടുവിച്ചു. ഭാര്യ നല്‍കിയ പോക്‌സോ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി യുവാവിനെ വെറുതെ വിട്ടു. കട്ടപ്പനയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.

യുവാവ് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയില്‍ നിന്നും അമ്മയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ജോബി ജോര്‍ജ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page