നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിന് പകരക്കാരനാകാന്‍ നടന്‍ രമേഷ് പിഷാരടി

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിന് പകരക്കാരനാകാന്‍ നടന്‍ രമേഷ് പിഷാരടിയെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. മത്സരിക്കാന്‍ പിഷാരടി സന്നദ്ധത പ്രകടിപ്പിച്ചതായി മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയതെന്ന് പറയുന്നു.

കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഉറപ്പിച്ചതോടെയാണ് പാലക്കാട്ട് പിഷാരടിയുടെ പേര് പരിഗണനയിലുള്ളത്. മുന്‍ ഐ.എ.എസുകാരന്‍ കണ്ണന്‍ ഗോപിനാഥന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടികയിലാണ് നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയത്. സിറ്റിംഗ് മണ്ഡലങ്ങളും, ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്. പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. അന്‍പത് പേരുടെ പട്ടിക എപ്പോള്‍ വേണമെങ്കിലും പുറത്ത് വിടാന്‍ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കട്ടേ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍, നെയ്യാറ്റിന്‍കര -എന്‍ ശക്തന്‍, കൊട്ടാരക്കര- ഐഷ പോറ്റി, പത്തനാപുരം -ജ്യോതികുമാര്‍ ചാമക്കാല, കൊല്ലം -ബിന്ദുകൃഷ്ണ, ആറന്‍മുള -അബിന്‍ വര്‍ക്കി, അരൂര്‍ -ഷാനിമോള്‍ ഉസ്മാന്‍, പീരുമേട് -സിറിയക് തോമസ്, കൊടുങ്ങല്ലൂരില്‍ ഒജെ ജനീഷ്, മണലൂര്‍ ടി എന്‍ പ്രതാപന്‍, തൃത്താല – വിടി ബല്‍റാം, നാദാപുരം – കെ എം അഭിജിത്ത്, കൊയിലാണ്ടി – പ്രവീണ്‍ കുമാര്‍ എന്നിവരാണ് ആദ്യ പട്ടികയിലെ പരിഗണനയിലുള്ള സ്ഥാനാര്‍ത്ഥികള്‍ എന്നറിയുന്നു. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പന്‍ചോല എന്നീ മൂന്ന് മണ്ഡലങ്ങളില്‍ എം ലിജുവിനെയും സംവരണ മണ്ഡലമായ അടൂരില്‍ രമ്യ ഹരിദാസിനെ ഇറക്കാനും, തിരുവമ്പാടിയില്‍ വി എസ് ജോയിയെ പരിഗണിക്കാനും സാധ്യതയുണ്ടെന്നറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page