വിവാഹ ദിവസം സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജോധ്പുര്‍: വിവാഹ ദിവസം സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലെ മനായിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദീപ് സിങ്ങിന്റെ മക്കളായ ശോഭ(25), വിമല(23) എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്‌കൂളില്‍ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷമാണ് സഹോദരിമാര്‍ ഉറങ്ങാന്‍ പോയത്. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുവന്നു സംസ്‌കാര ചടങ്ങുകള്‍ക്കായി തയാറെടുക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. വിഷവസ്തു കഴിച്ചാണ് സഹോദരിമാര്‍ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. മരിച്ച സഹോദരിമാരുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

പെണ്‍കുട്ടികളുടെ വിവാഹം മറ്റു രണ്ടുപേരുമായി നേരത്തെ നിശ്ചയിച്ചതായിരുന്നു. പിന്നീട് അത് വേണ്ടെന്നു വച്ചാണ് പുതിയ വിവാഹത്തിനു ബന്ധുക്കള്‍ തയാറെടുത്തതെന്നു പെണ്‍കുട്ടികളുടെ ബന്ധു പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page