ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും വിവാഹിതരായി. ശനിയാഴ്ച ഡല്‍ഹിയിലെ എന്‍സിആറില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശിഖറിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചെഹലാണ് ആദ്യം പങ്കുവച്ചത്.
ക്രിക്കറ്റ്, ബോളിവുഡ് മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു. ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്റോറന്റില്‍ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഐപിഎല്‍ മത്സരങ്ങളും കാണാന്‍ ഒരുമിച്ചെത്തിയിരുന്നു. 2023ലാണ് ആദ്യ ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ശിഖര്‍ ധവാന്‍ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം. ശിഖര്‍ ധവാന്റെ മകന്‍ സോറാവര്‍ അയേഷയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലാണു താമസം. 2024ല്‍ ആണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുള്ള സോഫി ഷൈന്‍, നിലവില്‍ അബുദാബി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റാണ്. ധാ വണ്‍ സ്‌പോര്‍ട്‌സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖര്‍ ധവാന്‍ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് സോഫിക്ക്.







