ബെംഗളൂര്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ അമ്മാവനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. മാലൂര്‍ താലൂക്കിലെ മിടഗാനപ്പള്ളിയിലെ ഷാഹിദ് ഖാനാണ്(33) ഹൊസക്കോട്ടെയില്‍ താമസിക്കുന്ന അമ്മാവന്‍ നയാസ് ഖാനെ(33) കുത്തിക്കൊലപ്പെടുത്തിയത്. നയാസ് ഖാന്റെ സഹോദരിയുടെ മകനാണ് ഷാഹിദ്.
അമ്മാവനുമായി ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ഷാഹിദ് ആരോപിച്ചിരുന്നു. ഇതേചൊല്ലി കുടുംബത്തില്‍ കലഹവും പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാവിലെ ഹൊസക്കോട്ടെയില്‍ നിന്ന് നയാസ് ഖാന്‍, ഷാഹിദ് താമസിക്കുന്ന മിടഗാനഹള്ളിയിലെ വീട്ടിലെത്തി. പിന്നാലെ ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഷാഹിദ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷാഹിദ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് നയാസ് ഖാനെ പലതവണ കുത്തുകയായിരുന്നുവെന്ന് പറയുന്നു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നയാസ് ഖാന്‍ രക്തം വാര്‍ന്ന് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൂന്ന് പെണ്‍മക്കളുള്ള ഷാഹിദ് ഖാന്‍ മിടഗാനഹള്ളിയിലെ ഒരു കൃഷിയിടത്തില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുകയാണ്. ബെംഗളൂരുവിലെ ഹൊസക്കോട്ടെ താലൂക്ക് സ്വദേശിയായ ഷാഹിദും കുടുംബവും കുറച്ചുവര്‍ഷങ്ങളായി കോലാറിലാണ് താമസിക്കുന്നത്.







