കാസര്‍കോട്: മുന്‍വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, വനിതാ ഡോക്ടറുടെ കസേരയിലും മേശപ്പുറത്തും നായ്ക്കുരണപ്പൊടി വിതറിയതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാവുങ്കാല്‍ ഇ സി എച്ച് എസ് ആശുപത്രിയിലെ ഡോക്ടര്‍ ഹൊസ്ദുര്‍ഗ്ഗ് കൃഷ്ണ മന്ദിരം റോഡിലെ ഡോ. ടി കെ ഷര്‍മ്മിന(37)യുടെ പരാതി പ്രകാരം ജീവനക്കാരന്‍ ജയകൃഷ്ണന്‍, ലാബ് ടെക്‌നീഷ്യ അജ്ഞലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.
ഡോക്ടറുടെ പരിശോധനാ മുറിയിലെ കസേരയിലും മേശപ്പുറത്തും നായ്ക്കുരണ പൊടി വിതറുകയായിരുന്നുവത്രെ. ഇക്കാര്യം അറിയാതെ കസേരയില്‍ ഇരുന്ന ഡോക്ടര്‍ക്ക് അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശദമായി നോക്കിയപ്പോഴാണ് നായ്ക്കുരണപൊടി വിതറിയതായി കണ്ടെത്തിയത്. ചോറിച്ചില്‍ കാരണം തന്റെ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടായതായും പരാതിയില്‍ പറഞ്ഞു.






