നിയമസഭാ തെരഞ്ഞെടുപ്പ്: ബി ജെ പിയുടെ ആദ്യഘട്ട പട്ടികയായി; 89 വോട്ടിനു കൈവിട്ടുപോയ മഞ്ചേശ്വരം പിടിക്കാന്‍ കെ സുരേന്ദ്രന്‍ എത്തുന്നു, കാസര്‍കോട്ട് എം എല്‍ അശ്വിനി പരിഗണനയില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടികയുമായി ബി ജെ പി. 30 മണ്ഡലങ്ങളിലേയ്ക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. നിലവിലെ ധാരണ പ്രകാരം പ്രസ്റ്റീജ് മണ്ഡലമായ നേമത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഗോദയിലിറങ്ങും. കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍കാവില്‍ ആര്‍ ശ്രീലേഖയുമാണ് അന്തിമപട്ടികയില്‍ പരിഗണനയിലുള്ളത്.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ധാരണ. കാസര്‍കോട്ട് ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയാണ് പരിഗണനയിലുള്ളത്.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലം വിജയം കൈവിട്ടുപോയത്.
2021ല്‍ എ കെ എം അഷ്‌റഫ് 65,758 വോട്ട് നേടി വിജയിച്ചു. രണ്ടാം സ്ഥാനത്ത് വീണ്ടും എത്തിയ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത് എഴുനൂറോളം വോട്ടിനായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് മഞ്ചേശ്വരത്തെ നേതൃത്വം ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിസാര വോട്ടുകള്‍ക്ക് കൈവിട്ടുപോയ മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയിക്കുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. മണ്ഡലത്തില്‍ സുപരിചിതനായ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാമെന്നും കണക്കു കൂട്ടലുണ്ട്. എന്നാല്‍ സിറ്റിംഗ് എം എല്‍ എയായ എ കെ എം അഷ്‌റഫ് ആയിരിക്കും ലീഗു സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങുക. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിനെ കുറിച്ച് ധാരണയായിട്ടില്ല. ഒരു തവണ ചെര്‍ക്കളം അബ്ദുള്ളയെ മുട്ടുകുത്തിച്ച ഉദുമയിലെ സിറ്റിംഗ് എം എല്‍ എ സി എച്ച് കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page