ട്വന്റി20 ലോകകപ്പ്: ഇന്ത്യന്‍ ക്യാമ്പില്‍ അടിപിടിയോ? ആരാധകര്‍ക്ക് അമ്പരപ്പ്; വീഡിയോ പങ്കിട്ട് സൂര്യകുമാര്‍ യാദവ്

കൊളംബോ: ഐസിസി ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വിജയത്തിന് പിന്നാലെ ഇന്ത്യ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. എന്നാല്‍ മത്സരത്തിനു ശേഷം പുറത്തുവന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഹാര്‍ദിക്കും സൂര്യകുമാറും കുല്‍ദീപിനോട് കയര്‍ക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. താരങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

പാക്ക് ഇന്നിങ്‌സിന്റെ 18ാം ഓവറില്‍ ഷഹീന്‍ അഫ്രീദിയുടെ ക്യാച്ച് കുല്‍ദീപ് ബൗണ്ടറി ലൈനിനു സമീപം കൈവിട്ടിരുന്നു. ഇത് സിക്‌സാകുകയും ചെയ്തു. ഈ ഓവറിന്റെ അവസാന പന്തില്‍ തന്നെ ഉസ്മാന്‍ താരിഖിനെ ബൗള്‍ഡ് ആക്കി ഹാര്‍ദിക് പാക്കിസ്ഥാനെ ഓള്‍ഔട്ടാക്കിയെങ്കിലും മത്സരശേഷം ക്യാച്ച് ഡ്രോപ് ചെയ്തത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായെന്നാണ് സൂചന.പുറത്തുവന്ന വീഡിയോയില്‍ രോഷം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം. പ്രശ്‌നം പരിഹരിക്കുന്നതിനായി തിലക് വര്‍മയും റിങ്കു സിങ്ങും താരങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ പരസ്പരമുള്ള താരങ്ങളുടെ പതിവു ഹസ്തദാനത്തിനിടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ദേഷ്യത്തോടെയാണ് കുല്‍ദീപിനോടു സംസാരിച്ചത്. ഇതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ എന്തോ അസ്വാരസ്യം ഉണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ ആരാധകരുടെ ടെന്‍ഷനെല്ലാം വെറുതെയാണെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പങ്കുവച്ച പുതിയ വീഡിയോയില്‍ നിന്നും മനസിലാകുന്നത്. സൂര്യകുമാര്‍ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ച വിഡിയോ വൈറലാണ്. ഗ്രൗണ്ടില്‍ വച്ച് നടന്ന സംഭവം പുനരാവിഷ്‌കരിക്കുന്ന രീതിയില്‍ സൂര്യകുമാര്‍ യാദവും കുല്‍ദീപ് യാദവും ചേര്‍ന്നുള്ള രസകരമായ വിഡിയോയാണ് പുറത്തുവന്നത്. ‘ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ റീല്‍ പങ്കുവച്ചത്.തനിക്കു നേരെ നടന്നുവരുന്ന ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് കുല്‍ദീപ് അരിശത്തോടെ നടന്നു നീങ്ങുന്നതും സൂര്യ ഇത് കണ്ട് അമ്പരന്നു നില്‍ക്കുന്നതുമാണ് റീലിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page