ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മത്സരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയ അഭിഷേക് ശര്‍മ നമീബിയയ്‌ക്കെതിരെ കളിക്കില്ല. താരത്തിന് വിശ്രമം നല്‍കി. ബുധനാഴ്ച ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ശരീര ഭാരം കുത്തനെ കുറഞ്ഞതായാണു പുറത്തുവരുന്ന വിവരം. നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതനാണെന്നും അറിയുന്നു. വാങ്കഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെ ഫെബ്രുവരി ആറിനാണ് അഭിഷേകിന് വയറ്റില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് വിലയിരുത്തല്‍. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും യുഎസിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഇറങ്ങിയെങ്കിലും ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെയാണ് ചികിത്സ തേടിയത്. അഭിഷേകിന് കടുത്ത പനിയും ഉണ്ടായിരുന്നു. തുടര്‍ന്ന് അഭിഷേകിന് പകരം സഞ്ജു സാംസണാണ് ഫീല്‍ഡ് ചെയ്തത്.പാക്കിസ്ഥാനെതിരായ മത്സരത്തിനു മുന്‍പ് വിശ്രമം ആവശ്യമായതിനാലാണ് ഇന്നു നടക്കുന്ന നമീബിയയ്‌ക്കെതിരായ പോരാട്ടത്തില്‍ അഭിഷേകിന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്നാല്‍, ഞായറാഴ്ച വരെ വിശ്രമം ലഭിക്കും. ബാറ്റിങ് പരിശീലനത്തിനും ഇറങ്ങാം. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ -പാക്കിസ്ഥാന്‍ മത്സരം.







