കാസർകോട്: വസ്ത്രങ്ങളുടെ വിസ്മയ ലോകം ഉണ്ടാക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയിൽ മതിമറന്ന ഉപഭോക്താക്കളിൽ ചിലർ സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ പോലും മറന്നു പോയാലോ ? എന്നാൽ കാസർകോട്ട് അങ്ങനെയും സംഭവിച്ചു. വീട്ടുകാരെയും മാതാപിതാക്കളെയും കാണാതെ ഒറ്റപ്പെട്ടുപോയ മൂന്നു കുരുന്നുകളെ വസ്ത്ര വ്യാപര ശാല ജീവനക്കാർ സുരക്ഷിതരായി സംരക്ഷിച്ചു. കാസർകോട്ടെ ഒരു വസ്ത്രാലയത്തിലാണ് സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ പോലും മറന്നു പോയത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് മാതാപിതാക്കളെ വിളിച്ചു പൊട്ടിക്കരഞ്ഞു അലമുറയിട്ട പിഞ്ചു കുട്ടികളെ വസ്ത്ര വ്യാപാരശാല ജീവനക്കാർ ആശ്വസിപ്പിച്ചു. കുട്ടികളോട് സ്ഥലവും പേരും ഒക്കെ ചോദിച്ചെങ്കിലും അതൊക്കെ പറയാൻ തക്ക പ്രായം കുട്ടികൾക്കുണ്ടായിരുന്നില്ല . ഇത് കണ്ട് രോഷം കൊണ്ട് ചിലർ തള്ളമാരെ ഉച്ചത്തിൽ അധിക്ഷേപിക്കുന്നുണ്ടായിരുന്നു. വസ്ത്രവും പൊന്നും കാണുമ്പോൾ ചില സ്ത്രീകൾ മതിമറന്നു പോകുന്നെന്നു ക്രൂദ്ധരായ അവർ ക്ഷോഭിച്ചു. ഇതിനിടയിൽ കരയുന്ന കുട്ടികളുടെയും അവരെ ആശ്വസിപ്പിക്കുന്നവരുടെയും അത് കണ്ട് രസിക്കുന്നവരുടെയും മൂകരായി നിൽക്കുന്നവരുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തി പലരും വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു .വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണെന്ന് പറയുന്നു, പിന്നീട് വീട്ടുകാർ കുട്ടികളെ കുട്ടിക്കൊണ്ടു പോവുകയായിരുന്നു.







