ബെംഗളൂരു: കുടുംബത്തിന് സര്‍പ്രൈസ് നല്‍കാന്‍ ഭര്‍ത്താവ് ദുബൈയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍. അതേ മുറിയില്‍ തന്നെ തമിഴ് നാട്ടുകാരനായ ജോലിക്കാരനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സവിതാ ശങ്കറും (65), ഇവരുടെ വീട്ടില്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ദേവരാജു(50)വുമാണു മരിച്ചത്. ഈ സമയത്ത് വീടിന്റെ ഒന്നാം നിലയില്‍ സവിതയുടെ 27 കാരിയായ മകള്‍ ഉറങ്ങിക്കിടന്നിരുന്നുവെങ്കിലും അവിടെ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല. സവിതയെ കൊന്ന ശേഷം ജോലിക്കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
വീട്ടിലെത്തിയ പ്രവാസി വാതില്‍ തുറക്കാനായി കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ എഴുന്നേറ്റു വന്ന് വാതില്‍ തുറന്നു. അകത്തുകയറി മുറിയിലെത്തിയപ്പോഴാണ് സവിതയേയും വീട്ടുജോലിക്കാരനേയും മരിച്ചുകിടക്കുന്നനിലയില്‍ ഭര്‍ത്താവ് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ലൈംഗിക അതിക്രമ ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.







