കോലിക്കും രോഹിത്തിനും ‘അടുത്ത പണി’ കൊടുക്കാന്‍ അജിത് അഗാര്‍ക്കറുടെ സെലക്ഷന്‍ കമ്മിറ്റി; കളിക്കാര്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാറുകള്‍ പൊളിച്ചെഴുതിയേക്കും

മുംബൈ: കളിക്കാര്‍ക്ക് നല്‍കുന്ന വാര്‍ഷിക കേന്ദ്ര കരാര്‍ സമ്പ്രദായത്തില്‍ ബിസിസിഐ വലിയ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന കളിക്കാരെ ബാധിച്ചേക്കാവുന്ന എലൈറ്റ് ഗ്രേഡ് എ+ വിഭാഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മൂന്ന് തലങ്ങളിലുള്ള കരാര്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നതായും അറിയുന്നു. ബിസിസിഐയുടെ സുപ്രീം കൗണ്‍സില്‍ നിര്‍ദേശം അംഗീകരിച്ചാല്‍, സമീപ വര്‍ഷങ്ങളില്‍ കേന്ദ്ര കരാര്‍ ചട്ടക്കൂടില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും ഇത്.

ഇത് നടപ്പിലായാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍ നഷ്ടമാവും. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങള്‍ക്കാണ് ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കരാര്‍ ബിസിസിഐ നല്‍കുന്നത്.

ഇതില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും രവീന്ദ്ര ജഡേജ ടി20യില്‍ നിന്നും 2024ല്‍ വിരമിച്ചിരുന്നു. നിലവില്‍ കോലിയും രോഹിത്തും ഏകദിനങ്ങളിലും ജഡേജ ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. എ പ്ലസ് കരാറിലുള്ള ജസ്പ്രീത് ബുമ്രയാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലുമായി കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാര്‍ഷിക കരാറുകളില്‍ സമഗ്ര പരിഷ്‌കാരത്തിന് ബിസിസിഐ തയാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുന്നത്.

മറുവശത്ത്, ബി ഗ്രേഡില്‍ സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവരും സി ഗ്രേഡില്‍ വളര്‍ന്നുവരുന്ന പ്രതിഭകളുടെ ഒരു വലിയ നിരയും ഉള്‍പ്പെടുന്നു.

പുതിയ പരിഷ്‌കാരം അനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മാത്രമായിരിക്കും കളിക്കാര്‍ക്ക് കരാര്‍ നല്‍കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എ വിഭാഗങ്ങളിലുള്ള താരങ്ങള്‍ക്ക് അഞ്ച് കോടി രൂപയും ബി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി വിഭാഗത്തിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. എ കാറ്റഗറിയില്‍ രോഹിത്തിനെയും കോലിയെയും ബുമ്രയെയും ഉള്‍പ്പെടുത്തുമ്പോള്‍ ടെസ്റ്റ്, ഏകദിന നായകനും ബിസിസിഐയുടെ പോസ്റ്റര്‍ ബോയിയുമായി ശുഭ്മാന്‍ ഗില്ലിനെയും എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അടുത്ത യോഗത്തില്‍ ഉന്നത കൗണ്‍സില്‍ ഈ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page