മംഗളൂരു : ദക്ഷിണ കന്നട ബെൽത്തങ്ങാടിക്കടുത്തെ നളക്ഷേത്രത്തിൽ ധനുപൂജക്കു പോയ 15 കാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു. കുവെട്ടു
ഗ്രാമത്തിലെ സംബോല്യ ബാരമേലു വിലെ സുബ്രഹ്മണ്യ നായിക്കിന്റെ മകനും ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ സുമന്താണ് (15) മരിച്ചത്. ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുപോയതായിരുന്നു.
സുമന്തും മറ്റ് രണ്ടകുട്ടികളും ധനുപൂജ ക്കു പതിവായി നള ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ സുമന്ത് വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതീക്ഷിച്ച സമയത്ത് എത്താതിരുന്നപ്പോൾ മറ്റ് രണ്ട് കൂട്ടുകാർ കാത്തുനിൽക്കാതെ പോയി.
പിന്നീട് കുട്ടികൾക്ക് സംശയം തോന്നി സുമന്തിന്റെ കുടുംബത്തെ വിളിച്ചപ്പോൾ അവൻ അതിരാവിലെ ക്ഷേത്രത്തിലേക്ക് പോയതായി അവർക്ക് വിവരം ലഭിച്ചു. സുമന്ത് ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞ കുടുംബം പരിഭ്രാന്തരായി നാട്ടുകാരെ വിവരമറിയിച്ചു.
സുമന്ത് പതിവായി പോകുന്ന വഴിയിലെ കുളത്തിന് സമീപം രക്തക്കറകൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ്, വനം വകുപ്പ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിൽ രാവിലെ 11.30 വോടെ സുമന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. തലയിൽ ഗുരുതരമായ പരിക്കു കണ്ടതിനെത്തുടർന്ന് മരണകാരണത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നു.പുലികൾ
ഇറങ്ങുന്ന പ്രദേശമായതിനാൽ
കുട്ടി അക്രമത്തിന് ഇരയായതായി
സംശയിക്കുന്നുണ്ട്.
ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുൺ കുമാർ, ബെൽത്തങ്ങാടി പൊലീസ് ഇൻസ്പെക്ടർ സുബ്ബപുര മഠം, സബ് ഇൻസ്പെക്ടർ ആനന്ദ് എം., തഹസിൽദാർ പൃഥ്വി സാനികം, ആർഐ പാവടപ്പ, ബിഇഒ താരകേശ്വരി, അധ്യാപകർ സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.








