ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. അതേസമയം വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകുമെന്നും അറിയുന്നു.
സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും സി. ബി.എഫ്.സി ചെയര്‍മാന് ഇടപെടാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് മാറ്റിവെച്ചതായി കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡിന്റെ നടപടിക്കെതിരെ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് അന്യായമായി അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വിജയ് സജീവ രാഷ്ട്രീയത്തിലിറങ്ങിയതിനാല്‍ താരത്തിന്റെ അവസാന സിനിമ എന്ന നിലയിലാണ് ജനനായകന്‍ ഒരുങ്ങിയത്. എച്ച് വിനോദ്് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് ആണ് നിര്‍വഹിക്കുന്നത്. വിജയ്ക്ക് പുറമെ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.







