തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. പറശ്ശിനിക്കടവ് തലുവില്‍ കുന്നുംപുറം സെന്റ് മേരീസ് സ്‌കൂളിനു സമീപത്തെ കെ.വി സുമിത്ത് (22)ആണ് മരിച്ചത്. തളിപ്പറമ്പ് ജി ടെക്കിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.
ബുധനാഴ്ച വൈകുന്നേരം ആറേകാല്‍ മണിയോടെ വീടിനു സമീപത്തെ മൈതാനത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ സുമിത്തിനെ ഉടന്‍ പറശ്ശിനിക്കടവിലെ ‘അമ്മയും കുഞ്ഞും’ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജിമ്മിലെ വ്യായാമത്തിനിടയില്‍ സുമിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ കുറച്ചു ദിവസം ജിമ്മില്‍ പോകാതെ വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ചെസ് അധ്യാപകനും ദേശീയ താരവുമായ കെ.വി മോഹനന്റെയും ആശാവര്‍ക്കറായ വിവി സുശീലയുടെയും മകനാണ്.







