കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ സ്വര്‍ണ്ണഗിരിതോട് പാലത്തിന്റെ കൈവരിയുടെ ഒരു ഭാഗം കാലപ്പഴക്കം കാരണം തകര്‍ന്നു വീണു. ഇതോടെ മുട്ടം- ബേരിഗെ റോഡില്‍ അപകട ഭീഷണി ഉയര്‍ന്നു. ബേരിഗെ ബീച്ചിലേയ്ക്കുള്ള പ്രധാന റോഡാണിത്. ഈ ഭാഗത്തുള്ള 500ല്‍പ്പരം കുടുംബങ്ങള്‍ ദേശീയ പാതയില്‍ എത്താന്‍ ആശ്രയിക്കുന്നതും ഇതേ പാലത്തെയാണ്. ദിനംപ്രതി സ്‌കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്.
30 വര്‍ഷം മുമ്പ് ഇറിഗേഷന്‍ വകുപ്പാണ് സ്വര്‍ണ്ണഗിരി തോടിനു പാലം പണിതത്. പാലത്തിന്റെ കൈവരി തകര്‍ന്നത് വലിയ അപകടത്തിനു ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈവരി തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ ഒരു കയര്‍ കെട്ടിവച്ചത് ഒഴിച്ചാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിട്ടില്ല.







