മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറാകും. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും യുവതാരം യശസ്വി ജയ്‌സ്വാളും ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. ഗില്ലിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണു വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇത്തവണ ഇടംനേടി. ഇതേ ടീം തന്നെയാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പരയും കളിക്കുക.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇഷാന്‍ കിഷനെ ട്വന്റി20 ടീമിലേക്ക് പരിഗണിച്ചത്. വ്യാഴാഴ്ച പൂനെയില്‍ നടന്ന ഫൈനലില്‍ 69 റണ്‍സ് വിജയമാണ് ഹരിയാനയ്‌ക്കെതിരെ, ഇഷാന്‍ നയിച്ച ജാര്‍ഖണ്ഡ് ടീം സ്വന്തമാക്കിയത്. ഫൈനലില്‍ 49 പന്തുകള്‍ നേരിട്ട ഇഷാന്‍ 101 റണ്‍സ് അടിച്ചെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. കലാശപ്പോരില്‍ മാത്രം 10 സിക്‌സുകളാണ് ഇഷാന്‍ വാരിക്കൂട്ടിയത്.
ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് നടക്കുന്നത്. ഏഴിന് യുഎസിനെതിരെയാണ് ആദ്യ പോരാട്ടം. ഫെബ്രുവരി 15ന് കൊളംബോയില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം നടക്കും.
ട്വന്റി20യിലെ നിലവിലെ ലോക ചാംപ്യന്‍മാരാണ് ഇന്ത്യ. 2024 ജൂണ്‍ 29ന് ബ്രിജ് ടൗണില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ ട്വന്റി20യിലെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ഏഴു റണ്‍സിനായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ വിജയം. ട്വന്റി20 ലോകകപ്പില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു കിരീടങ്ങള്‍ നേടിയിട്ടില്ല.
മുംബൈയില്‍ ബിസിസിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ് ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടന്‍ സുന്ദര്‍.







