അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തെ ടി20 മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ നടന്നത് ആരാധകരെ കണ്ണീരണിയിക്കുന്ന കാഴ്ച. വെടിക്കെട്ട് ബാറ്റിങ്ങിനിടെ സിക്സര്‍ പറത്തുന്നതിനിടെ പന്തുകൊണ്ടു പരുക്കേറ്റ ക്യാമറാമാനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പ്രവൃത്തിയാണ് ആരാധകരുടെ മനസ്സിനെ ഈറനണിയിച്ചത്.
മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 25 പന്തുകളില്‍ നിന്ന് 63 റണ്‍സടിച്ച പാണ്ഡ്യ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്. ബാറ്റു ചെയ്യാനിറങ്ങി ആദ്യ പന്തു തന്നെ സിക്‌സര്‍ അടിച്ചപ്പോഴായിരുന്നു ക്യാമറാമാന് പരുക്കേറ്റത്.
ക്രീസ് വിട്ടിറങ്ങിയ പാണ്ഡ്യ, കോര്‍ബിന്‍ ബോഷിനെ മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ബൗണ്ടറിക്കപ്പുറം ടീമുകളുടെ ഡഗ് ഔട്ടിന് സമീപത്ത് നിലയുറപ്പിച്ച ക്യാമറാമാന്റെ ദേഹത്താണ് പന്തു ചെന്നു വീണത്. ക്യാമറാമാന് വൈദ്യസഹായം ആവശ്യമായതിനാല്‍ കളി കുറച്ചുനേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. എന്നാല്‍ കാര്യമായ പരുക്കില്ലെന്നതിനാല്‍ ക്യാമറാമാന്‍ ഉടന്‍ തന്റെ ജോലി തുടര്‍ന്നു.
മത്സരം അവസാനിച്ച ശേഷമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ക്യാമറാമാന്റെ അരികിലേക്ക് ഓടിയെത്തിയത്. കെട്ടിപ്പിടിച്ച ശേഷം, തന്റെ കയ്യിലുണ്ടായിരുന്ന ഐസ് ബാഗ് പാണ്ഡ്യ ക്യാമറാമാന്റെ മുതുകില്‍ വച്ചു നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഞ്ചാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിനു തോല്‍പിച്ച ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ നാല് വിക്കറ്റ് നേട്ടങ്ങളുടെ മികവിലാണ് ഇന്ത്യ പരമ്പര നേടിയത്. തിലക് 73 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 81 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 201/8 എന്ന സ്‌കോറില്‍ കളി അവസാനിപ്പിച്ചു. ക്വിന്റണ്‍ ഡി കോക്ക് (65) ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു.







