ബദിയടുക്ക : ബിജെപി ഭരണത്തിലെത്തുമെന്നുറപ്പായ പഞ്ചായത്തുകളിൽ ഇടത് – വലതു മുന്നണികൾ ബിജെപിക്കെതിരെ കൈകോർത്തെന്നും എന്നാൽ ബദിയടുക്ക ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വോട്ടർമാർ ഈ നീക്കം പരാജയപ്പെടുത്തിയെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പ്രസ്താവിച്ചു.
ബിജെപി ബദിയടുക്ക പഞ്ചായത്ത് പാർലമെൻ്ററി നേതാവിനെ തെരഞ്ഞെടുക്കാനായി സംസ്കൃതി ഭവനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇടത് – വലത് മുന്നണികൾക്ക് ജില്ലയിൽ ഒരു വികസനവും കൊണ്ടുവരാൻ സാധിച്ചില്ലെന്നും ബിജെപി അധികാരത്തിലെത്തുന്ന പഞ്ചായത്തുകളിൽ ദീർഘവീക്ഷണത്തോടെയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കരിച്ച് വിജയകരമായി നടപ്പാക്കുമെന്നും അശ്വിനി കൂട്ടിച്ചേർത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഷാൾ അണിയിച്ച് ആദരിച്ചു.
ബദിയടുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജയറാം ചെട്ടി ആധ്യക്ഷം വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി, ബദിയടുക്ക മണ്ഡലം പ്രസിഡൻ്റ് എം ഗോപാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, ബദിയടുക്ക ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി വിശ്വനാഥ പ്രഭു, ഡി.കെ. നാരായണൻ നായർ സംസാരിച്ചു.







