മദ്യപിച്ച് അടുപ്പം കൂടി, യുഎസ് പൗരനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ചു; സ്വർണവും പണവും കവർന്ന യുവാക്കൾ അറസ്റ്റിൽ, കേരള പൊലീസിന് യുഎസ് പൗരന്‍റെ അഭിനന്ദനം

കൊച്ചി: ഐടി കമ്പനി തുടങ്ങാനുള്ള ചർച്ചകൾക്കായി കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കി മർദിച്ച് പണവും മോഷ്ടിച്ച 2 യുവാക്കൾ അറസ്റ്റിൽ. മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സാഹസികമായി പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇവരെന്നു പൊലീസ് പറഞ്ഞു. യുഎസ് പൗരനും ന്യൂയോർക്കിൽ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇൻഫോപാർക്കിൽ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ ഷൺമുഖം റോഡിലുള്ള ഹോട്ടലിൽ മുറി എടുത്തിരുന്നു. ശനിയാഴ്ച മദ്യം വാങ്ങാൻ ഇറങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാൽ മദ്യം ലഭിച്ചില്ല. ഈ സമയം മറൈൻ ഡ്രൈവ് പരിസരത്ത് കണ്ട ആദർശിനോട് മദ്യം കിട്ടാൻ വഴിയുണ്ടോ എന്ന് വിദേശി ചോദിച്ചു. തുടർന്ന് മദ്യം സംഘടിപ്പിച്ചു യുഎസ് പൗരനു നൽകി. സൗഹൃദം നടിച്ച് ആദർശ് പിന്നാലെ ഹോട്ടൽ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയിൽത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാൽ യുഎസ് പൗരൻ ഉണർന്ന് ആദർശിനെയും വിളിച്ചുണർത്തി. ഇതിനു മുൻപു തന്നെ ആദർശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിപ്പിച്ചു. വാതിലിൽ മുട്ടുന്നതുകേട്ട് താൻ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായിരുന്ന ആൾ തന്നെ കയറിപ്പിടിച്ചെന്നും ഈ സമയം ആദർശ് പുറകിൽ നിന്നും പിടിച്ചെന്നുമാണ് യുഎസ് പൗരൻ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുഎസ് പൗരൻ പറഞ്ഞു. പിന്നാലെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ 3 അക്കൗണ്ടുകളിലേക്ക് അയപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. കൂടാതെ 500 യുഎസ് ഡോളറും സ്വർണമോതിരവും എടിഎം കാർഡും തട്ടിയെടുത്തെന്നും പറയുന്നു. ഇരുവരും ചേർന്ന് 10,000 രൂപ വീതം 4 തവണകളായി 40,000 രൂപ കൂടി പിൻവലിച്ചു. ആകെ, 3,10,290 രൂപയുടെ മുതൽ കവർച്ച ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സെൻട്രൽ പൊലീസിന്റെ പരിശോധനയിൽ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളെ പൊലീസ് പിടികൂടി. യുഎസ് പൗരനിൽ നിന്ന് തട്ടിയെടുത്ത പണവും സ്വർണ മോതിരവും പ്രതികളിൽ നിന്നു കണ്ടെത്തി. കൊച്ചി സിറ്റി പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരൻ നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page