മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റ് ടീമിലേക്ക് പരിഗണിച്ചില്ല; കോച്ചിനെ ബാറ്റുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് യുവതാരങ്ങള്‍; നെറ്റിയില്‍ 20 തുന്നലുകള്‍

പോണ്ടിച്ചേരി: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള വിരോധത്തില്‍ കോച്ചിന് നേരെ യുവതാരങ്ങളുടെ ആക്രമണം. പോണ്ടിച്ചേരി അണ്ടര്‍ 19 ടീം പരിശീലകനായ എസ് വെങ്കട്ടരമണനെയാണ് മൂന്ന് യുവതാരങ്ങള്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍വെച്ച് ബാറ്റുകൊണ്ട് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കട്ടരമണയുടെ നെറ്റിയില്‍ 20 തുന്നല്‍ വേണ്ടിവന്നു. ഇന്‍ഡോര്‍ നെറ്റ്‌സില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.

വെങ്കട്ടരമണയുടെ തോളെല്ലിനും വാരിയെല്ലിനും പൊട്ടലേറ്റതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാര്‍ എന്നീ മൂന്ന് പ്രാദേശിക താരങ്ങള്‍ക്കെതിരെ സെദാരപേട്ട് പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പരിക്കുകളുടെ ഗൗരവം സബ് ഇന്‍സ്പെക്ടര്‍ എസ് രാജേഷ് സ്ഥിരീകരിച്ചു. കുറ്റാരോപിതരായ കളിക്കാര്‍ ഒളിവിലാണെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഭാരതിദാസന്‍ പോണ്ടിച്ചേരി ക്രിക്കറ്റേഴ്സ് ഫോറത്തിന്റെ സെക്രട്ടറി ജി. ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവതാരങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് വെങ്കട്ടരമണ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭാരതി ദാസന്‍ ഫോറം ആരോപണം ശക്തമായി നിഷേധിച്ചു. വെങ്കിട്ടരാമന് പ്രാദേശിക കളിക്കാരുമായി തര്‍ക്കങ്ങളുടെ ചരിത്രമുണ്ടെന്നും അവരോട് മോശമായി പെരുമാറിയെന്നുമാണ് ഭാരതി ദാസന്‍ ഫോറം പറയുന്നത്.

തിങ്കളാഴ്ച ഗ്രൗണ്ടിലെ നെറ്റ്‌സില്‍ വെങ്കട്ടരമണ അണ്ടര്‍ 19 താരങ്ങളുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിലെത്തിയ യുവതാരങ്ങള്‍ തങ്ങളെ മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുക്കാതിരുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതര്‍ക്കം പെട്ടെന്ന് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയും കോച്ചിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം യുവതാരങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടത്തിയതെന്നും വളരെ മൃഗിയമായാണ് പരിശീലകനെ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ വെങ്കട്ടരമണയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റതിന് പുറമെ തോളെല്ലിനും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. വെങ്കട്ടരമണ ഇപ്പോഴും ചികിത്സയിലാണ്. ഗ്രൗണ്ടിലെ സിസി ടിവികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page