വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ, കനത്തസുരക്ഷ

തിരുവനനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിയോടെ പോളിം​ഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിം​ഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.  470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ്‌ ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.തിരഞ്ഞെടുപ്പ് നടക്കുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page