കാസര്‍കോട്: ജില്ലയിലെ ആരോഗ്യരംഗത്തോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും എയിംസ് പട്ടികയില്‍ ജില്ലയുടെ പേര് ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടും എയിംസ് ജനകീയ കൂട്ടായ്മയുടെ ഏകദിന പദയാത്ര കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു. ‘എയിംസിന് ഒരു വോട്ട്’ വോട്ട് വേണോ…ഞങ്ങള്‍ക്ക് എയിംസ് വേണം…’ എന്ന പ്ലകാര്‍ഡുകളുമായാണ് പദയാത്ര ആരംഭിച്ചത്. പുറത്തു എന്ത് ഭാരം വച്ചാലും തലകുലുക്കി മാത്രം കാണിക്കുന്ന പ്രതികരണയില്ലായ്മയുടെ പ്രതീകമായ കഴുതയും പദയാത്രയിലുണ്ട്. കാസര്‍കോട് നിന്നും പുറപ്പെട്ട് മേല്‍പ്പറമ്പ്, ഉദുമ, ബേക്കല്‍, പാലക്കുന്ന്, പള്ളിക്കര വഴി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വൈകീട്ട് യാത്ര സമാപിച്ചു. തങ്ങളുടെ പ്രതികരണശേഷി രാഷ്ട്രീയ നേതൃത്വങ്ങളെ അറിയിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പുകളെ കാണണമെന്ന് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
കവി പ്രേമചന്ദ്രന്‍ ചോമ്പാല പദയാത്ര ഉദ്ഘാടനം ചെയ്തു. എയിംസ് ജനകീയ കൂട്ടായ്മ സമര സമിതി ജനറല്‍ കണ്‍വീനര്‍ ശ്രീനാഥ് ശശി സ്വാഗതം പറഞ്ഞു.







