കാസര്‍കോട്: എംഎല്‍എ എന്‍എ നെല്ലിക്കുന്ന് താമസിക്കുന്ന നഗരസഭയിലെ 35 -ാം വാര്‍ഡില്‍ ഫ്ളക്സ് ബോര്‍ഡും പോസ്റ്ററുകളും. ‘വോട്ട് വേണോ.. ? റോഡ് വേണം, പറ്റുമോ നിങ്ങള്‍ക്ക്’ എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡാണ് ബങ്കരക്കുന്ന് കുദൂര്‍ റോഡരികില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താഴെ റോഡും വെള്ളവും ലഭ്യമാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണക്കാം എന്നും എഴുതിയിട്ടുണ്ട്. വാര്‍ഡില്‍ യു.ഡി എഫിന്റെ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ മെഹറുന്നിസയാണ്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ സഹോദരന്‍ ഹമിദിന്റെ പത്നിയാണ് മെഹറുന്നിസ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐഎന്‍എല്ലിലെ നജീബ നാസിറുമാണ് മല്‍സരരംഗത്തുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി അശ്വിനി ജി നായ്ക് ആണ്.
വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്നവും മഴക്കാലത്ത് വെള്ളം ഒലിച്ചു പോകാത്തതിനാല്‍ റോഡുകളില്‍ മഴവെള്ളക്കെട്ട് പ്രശ്നവും വാര്‍ഡിലുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കി വിടുന്ന മലിന ജലം കല്‍മാടി തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഇത് സമീപത്തുള്ള കിണറുകളില്‍ കലര്‍ന്ന് വെള്ളം കുടിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണെന്ന് കുദൂര്‍ നിവാസികള്‍ പരാതിപെടുന്നു. നിരവധി തവണ ഈ പ്രശ്നം കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ അവഗണനയെ തുടര്‍ന്നാണ് ഇക്കുറിയുള്ള തെരഞ്ഞെടുപ്പില്‍ ഇത് വിഷയമാക്കിയതെന്നു കുദൂര്‍ നിവാസികള്‍ പറഞ്ഞു. ഫ്ളക്സുകളും പോസ്റ്റുകളും വാര്‍ഡില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം നാട്ടില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.







