കാസര്‍കോട്: ഉളിയത്തടുക്ക ഇസത്ത് നഗറിലെ വീട്ടു മുറ്റത്തു നിന്നു 11 ലക്ഷം രൂപ വിലയുള്ള ടൊയോട്ട കാര്‍ മോഷ്ടിച്ചു കടത്തിയ കേസിലെ മുഖ്യ പ്രതി കാറിന്റെ ആര്‍സി ഉടമയുടെ ഡ്രൈവറെന്ന് പൊലീസ്. കളനാട് മേല്‍പറമ്പ് സ്വദേശി റംസാന്‍ സുല്‍ത്താന്‍ ബഷീറി(25)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്. ഇസത്ത് നഗറിലെ മുഹമ്മദ് മുസ്തഫ ഉപയോഗിച്ചുവരുന്ന കാറിന്റെ ആര്‍സി ഉടമ മുഹമ്മദാണ്. ആര്‍സി ഉടമസ്ഥന്റെ ഡ്രൈവര്‍ എന്ന ആ സ്വാതന്ത്ര്യം മുതലെടുത്താണ് റംസാന്‍ മോഷണത്തിന് ഒരുങ്ങിയത്. ഉടമയുടെ വീട്ടില്‍ നിന്നും കാറിന്റെ താക്കോലെടുത്ത് പകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവി വാങ്ങി രണ്ടാം പ്രതി തെരുവത്ത് സ്വദേശി നാച്ചു എന്ന ടി എച്ച് ഹാംനാസി(24)ന്റെ സഹായത്തോടെ കാര്‍ മോഷ്ടിക്കുകയായിരുന്നു. ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് കാര്‍ മോഷണം പോയത്. പൊലീസ് ജിപിഎസ് സംവിധാനം വഴി നടത്തിയ അന്വേഷണത്തില്‍ തമിഴ് നാട് മേട്ടുപ്പാളയത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അസറുദ്ധീന്‍(36) ആണ് കാര്‍ ഓടിച്ചിരുന്നത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാണ് തമിഴ് നാട്ടിലൂടെ ഓടിയത്. വാഹനം വില്‍പന നടത്തി കിട്ടിയ തുകയിലെ 140,000 രൂപ ഹാംനാസിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെത്തി. വാഹനത്തിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നും കണ്ടെത്തി. ചെമ്മനാട് അരമങ്ങാനം റോഡ് ദേളി ജംഗ്ഷനില്‍ താമസിക്കുന്ന റംസാനെതിരെ വിദ്യാനഗര്‍, പരിയാരം, മേല്‍പറമ്പ, കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും നിരവധി വാഹന മോഷണ കേസുകള്‍ നിലവിലുണ്ട്. കാര്‍ മോഷണ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.







