ന്യൂഡല്‍ഹി: റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ. റാഞ്ചിയില്‍ 17 റണ്‍സിന്റെ ആവേശകരമായ വിജയത്തിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ഇന്ത്യ ഇറങ്ങും. ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. ഇന്നു ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം.
പരിചയസമ്പന്നരായ താരങ്ങളുടെ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനവും അച്ചടക്കമുള്ള ബൗളിംഗും മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യയെ 1-0 ന് മുന്നിലെത്തിക്കാന്‍ സഹായിച്ചു. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും ഫോം ഈ മത്സരത്തിലും അവര്‍ തുടരുമെന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ. ടീം ഇന്ത്യ കളിച്ച അവസാന 6 ഏകദിന മത്സരങ്ങളില്‍ അഞ്ചിലും പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം പങ്കുവച്ചത് രോ-കോ സഖ്യമായിരുന്നു. ഇരുവരുടെയും ഫോം തന്നെയാകും രണ്ടാം ഏകദിനത്തിന്റെയും ഫലം നിര്‍ണയിക്കുക.
മറുവശത്ത് ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മത്സരത്തിലേറ്റ തോല്‍വി നല്‍കിയ ഞെട്ടല്‍ മാറിയിട്ടില്ല. പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ ടെംബ ബവൂമയ്ക്കും സംഘത്തിനും ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും ദക്ഷിണാഫ്രിക്ക പോരാട്ടവീര്യം കാട്ടി. പരമ്പര സമനിലയിലാക്കാനും മത്സരത്തെ നിര്‍ണായക ഘട്ടത്തിലേക്ക് കൊണ്ടുപോകാനുമുള്ള പുതിയ ലക്ഷ്യത്തോടെയാണ് അവര്‍ രണ്ടാം ഏകദിനത്തെ സമീപിക്കുക.
ഇതുവരെ ഒരു രാജ്യാന്തര ഏകദിന മത്സരം മാത്രമേ റായ്പുര്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളൂ. പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാകുമെന്നാണ് കണക്കുകൂട്ടല്‍.
സ്‌ക്വാഡുകള്‍:
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍ (w/c), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, പ്രശസ്ത് കൃഷ്ണ, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍
ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ടണ്‍, ടെംബ ബവുമ (സി), ക്വിന്റണ്‍ ഡി കോക്ക് (ഡബ്ല്യു), മാത്യു ബ്രീറ്റ്സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, പ്രെനെലന്‍ സുബ്രയെന്‍, നന്ദ്രെ ബര്‍ഗര്‍, ഒട്ട്നീല്‍ ബാര്‍ട്ട് മാന്‍, കേശവ് ഹെര്‍ഗിന്‍.







