പൂനെ: മയക്കുമരുന്ന് നല്‍കി 47 കാരനെ ലൈംഗികമായി പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയശേഷം 2 ലക്ഷം രൂപ ആവശ്യപ്പെട്ട 42 കാരിക്കെതിരെ പൊലീസ് കേസ് എടുത്തു. യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുവതിക്കെതിരെ കേസെടുത്തത്. 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് സംഭവങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. 2024 നവംബര്‍ ഏഴിന് ആണ് ഒരുകുടുംബത്തിലെ പരിപാടിക്കിടെ ഗൗരി പ്രഹ്ലാദ് വാഞ്ജലെ എന്ന സ്ത്രീയെ 47 കാരന്‍ പരിചയപ്പെട്ടത്. പിന്നീട് ഒരു സുഹൃത്ത് എന്ന നിലയില്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട്
ഇടയ്ക്കിടെ അയാളുടെ വീട്ടില്‍ വരാന്‍ തുടങ്ങുകയും ചെയ്തു. ഒരു ദിവസം ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി 47 കാരനെ അബോധാവസ്ഥയിലാക്കി. ആസമയത്ത് യുവതി ഇദ്ദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുകയും ഈ രംഗങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന്, ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി യുവാവില്‍ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പൊതുസമൂഹത്തില്‍ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ 47 കാരന്‍ പണം നല്‍കാന്‍ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍, യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും, ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.







