മംഗളൂരു: പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഉഡുപ്പിയിലെ കപ്പല്‍ശാലയിലെ രണ്ട് ജീവനക്കാരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലെ തീരദേശ ജില്ലയില്‍ വന്‍ സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, ശാന്തി എന്നിവരെയാണ് അറസ്റ്റുചെയ്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഇഒ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികള്‍ സുഷമ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് വഴി മാല്‍പെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഇന്ത്യന്‍ നാവികസേനയ്ക്കും സ്വകാര്യ കമ്പനികള്‍ക്കും കപ്പല്‍ നിര്‍മിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി കപ്പല്‍ നിര്‍മ്മാണം, നാവിക ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പ്രതികള്‍ പാകിസ്ഥാനിലേക്ക് കൈമാറിയിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയ്ക്കും സ്വകാര്യ കമ്പനികള്‍ക്കും വേണ്ടി നിര്‍മ്മിച്ച കപ്പലുകളുടെ വിശദാംശങ്ങളും അയച്ചവയില്‍പെടുന്നു. വാട്‌സാപ്പ് വഴിയാണ് രഹസ്യവിവരം പാകിസ്ഥാന് ചോര്‍ത്തിക്കൊടുത്തത്. ഉഡുപ്പി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. ഇവര്‍ കൈമാറിയ വിവരങ്ങള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. പിടിയിലായവര്‍ കൊച്ചിയിലും ജോലിചെയ്തിട്ടുള്ളതായി വിവരമുണ്ട്.







