കാസര്‍കോട്: ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നു ഫ്യൂസ് ഊരിയെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കൂഡ്‌ലു, ചൂരി, ഹൈദ്രോസ് ജുമാപള്ളിക്കു സമീപത്തെ പി എം മുഹമ്മദ് മുനവറി(35) നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ കെ രാജീവനും സംഘവും അറസ്റ്റു ചെയ്തത്. നെല്ലിക്കുന്ന്, കാസര്‍കോട് കെ എസ് ഇ ബി സെക്ഷന്റെ കീഴിലെ 24 ട്രാന്‍സ്‌ഫോര്‍മറുകളിലെ 170ല്‍പരം ഫ്യൂസുകള്‍ ഊരിയെറിഞ്ഞുവെന്നാണ് മുഹമ്മദ് മുനവറിനെതിരെ ടൗണ്‍പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഊരിയെടുത്ത ഫ്യൂസുകള്‍ കുറ്റിക്കാട്ടിലും വിവിധ സ്ഥലങ്ങളിലും എറിഞ്ഞപ്പോള്‍ 23 എണ്ണത്തിനു കേടുപാടുകള്‍ ഉണ്ടായതായി കെ എസ് ഇ ബി നെല്ലിക്കുന്ന് സെക്ഷന്‍ അസി. എഞ്ചിനീയര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതോടെ ഉപഭോക്താക്കള്‍ ഓഫീസില്‍ വിളിച്ചു പരാതി പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഫ്യൂസുകള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയത്.






