ന്യൂഡല്‍ഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ. എന്‍.ഐ.എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്‌ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയതാണെന്നാണ് നിഗമനം. സ്‌ഫോടകവസ്തുവിന്റെ സ്വഭാവം ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കും.
രണ്ട് കാട്രിഡ്ജുകള്‍, ഒരുവെടിയുണ്ട, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നാല്‍പതിലധികം സാമ്പിളുകള്‍ സ്‌ഫോടനസ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുകയാണ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു.
സ്‌ഫോടനം നടത്തിയ ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച ഐട്വന്റി കാര്‍ ഒക്ടോബര്‍ 29ന് പുകപരിശോധനാ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ദൃശ്യം പുറത്തുവന്നിരുന്നു. രണ്ടുപേര്‍ കാറിന് സമീപം നില്‍ക്കുന്നതും ഒരാള്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നതും വ്യക്തമാണ്. സ്ഫോടനം നടന്ന തിങ്കളാഴ്ച പകല്‍ 8.13 ന് ബദര്‍പുര്‍ ടോള്‍ പ്ലാസ വഴിയാണ് കാര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ചാവേറാക്രമണം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ പുല്‍വാമാ സ്വദേശി ഡോ. ഉമര്‍ നബി കറുത്ത മാസ്‌ക് ധരിച്ച് കാറോടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.







