കേന്ദ്ര സര്‍വ്വകലാശാലക്ക് പുതിയ അക്കാഡമിക് ബ്ലോക്ക്: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടും, 52.68 കോടി രൂപ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം അനുവദിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 53 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന് വ്യാഴാഴ്ച കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രാലയം പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പി എം ജെ വി കെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.68 കോടി രൂപ പുതിയ അക്കാഡമിക്ക് ബ്ലോക്ക് നിര്‍മ്മാണത്തിന് അനുവദിച്ചുവെന്ന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍ ജയപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്നുരാവിലെ പത്തു മണിക്ക് പെരിയ ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എച്ച് കുഞ്ഞമ്പു എം എല്‍ എ, രജിസ്ട്രാര്‍ ഡോ. ആര്‍ ജയപ്രകാശ,് പ്രൊഫ. സജി ടി ജി പ്രസംഗിക്കും.
ബിസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മാനേജ്മെന്റ് സ്റ്റഡീസ് ടൂറിസം സ്റ്റഡീസ്, കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പഠന വിഭാഗങ്ങള്‍ക്കായാണ് 4നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 ചതുരശ്ര മീറ്ററില്‍ കേരളീയ മാതൃകയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 25 സ്മാര്‍ട്ട് ക്ലാസ് മുറികളും ഡിപ്പാര്‍ട്ട്മെന്റല്‍ ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍ എന്നിവ ഉണ്ടാകും. 50കിലോ വാട്ട് സോളാര്‍ പവര്‍പ്ലാന്റ്, ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി, 500 പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയവയും കെട്ടിടത്തില്‍ ഉണ്ടാവും. നിലവില്‍ 26 പഠന വകുപ്പുകള്‍ക്കായി 12 അക്കാഡമിക്ക് ബ്ലോക്കുകള്‍ പെരിയ ക്യാമ്പസില്‍ ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പത്ത് ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നു. ലൈബ്രറിക്ക് സ്വന്തം കെട്ടിടവും ഒരുങ്ങി. ഭരണ നിര്‍വഹണ ആസ്ഥാന മന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, അധ്യാപക -അനധ്യാപക ക്വാര്‍ട്ടേഴ്സുകള്‍, ഹോസ്റ്റലുകള്‍, പൊതുഭക്ഷണശാല എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന്- നാല് വര്‍ഷ പ്രോഗ്രാമുകള്‍ സര്‍വകലാശാല ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ ആരംഭിക്കും. രജിസ്ട്രാര്‍ക്ക് പുറമെ ഫിനാന്‍സ് ഓഫീസര്‍, സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page